വെളുപ്പും കറുപ്പും പിന്നെ ഞാനും

വെളുപ്പും കറുപ്പും
 പിന്നെ ഞാനും
~~~~~~~~~~~~~~
ഞാന്‍
വെളുത്തവനാണെങ്കിലും
എന്നെന്നും എന്റെ മുടി
കറുത്തിരിക്കുന്നതാണ്‌
എനിക്കിഷ്ടം

വെളുപ്പിനെ ഞാന്‍
ആരാധിക്കുമ്പോഴും
എന്റെ തലയും താടിയും
ഞാന്‍ കറുപ്പിച്ചുകൊണ്ടേയിരിക്കും

വെളുപ്പിനോടുള്ള
ഭ്രമത്താൽ കറത്ത
എന്റെ മനം ജനം കാണുന്നത്‌
എനിക്കിഷ്ടമല്ല-

അത്‌ മൂടിവെക്കാന്‍
ഞാന്‍ വെളുക്കെ ചിരിക്കുമ്പോള്‍
കാലം കറുപ്പിക്കുന്ന പല്ലുകളെ
ഞാൻ പുതുക്കി പണിയും

അവസാനം
വെള്ള പുതച്ച് പോയാലും
കറുപ്പറയിലാണ്‌ വിശ്രമമെനത് ഇടയ്ക്ക് ഓർക്കുന്നുണ്ടെങ്കിലും 
ഞാൻ മറക്കാൻ ശ്രമിക്കും

മണ്ണറയിലെ
കറുപ്പിനുള്ളില്‍
എല്ലാവരും സമമാണ്‌.

കറുപ്പും വെളുപ്പും
പ്രകൃതിയുടെ കാലഹരണപ്പെടാത്ത
സൗന്ദര്യമാണ്‌.

ഞാന്‍ ചോദിക്കട്ടേ...
എന്നെ വെളുത്തവനാക്കിയത്‌
ഞാനല്ല,പിന്നെയാര്‌?
അവനെ കറുത്തവനാക്കിയത്‌
അവനല്ല,പിന്നെയാര്‌?....
 
എത്ര കറുത്തവനും
വെളുത്ത മനസ്സുണ്ടെങ്കില്‍
അവന്‍ നിത്യ വെളിച്ചമാണെന്നാണ്
ജനം പണ്ടേ പറയുന്നത്.
~~~~~~~~~~~~~~~~~
സുലൈമാന്‍ മലപ്പുറം